ന്യൂസിലൻഡ് എ ടീമിന്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. മലയാളി താരം സഞ്ജു വി സാംസൺ ഇതാദ്യമായി ഇന്ത്യൻ എ ടീം നായകനായി ഇറങ്ങിയ മത്സരത്തിൽ കളിയുടെ എല്ലാ മേഖലകളിലും സമ്പൂർണ ആധിപത്യം നേടിയാണ് ഇന്ത്യ വിജയം നേടിയത്.
നായകനായുള്ള ആദ്യ മത്സരത്തിൽ തന്നെ ടോസ് ഭാഗ്യം ലഭിച്ച സഞ്ജു ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞ ന്യൂസിലൻഡ് ടീം 40.2 ഓവറിൽ വെറും 167 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യക്കായി ശാർദൂൽ താകൂർ 4 വിക്കറ്റും കുൽദീപ് സെൻ മൂന്ന് വിക്കറ്റും വീഴ്ത്തിയപ്പോൾ സ്പിന്നർ കുൽദീപ് യാദവ് ഒരു വിക്കറ്റ് നേടി. ശേഷിച്ച രണ്ട് പേർ റൺഔട്ട് ആകുകയായിരുന്നു.
168 റൺസ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്കായി ഋതുരാജ് ഗയക്വാദ് 41 റൺസും രാഹുൽ ത്രിപാഠി 31 റൺസും രജത് പടിദാർ 45* റൺസും എടുത്തു. ഫിനിഷർ ആയി ഇറങ്ങിയ നായകൻ സഞ്ജു സാംസൺ 29 റൺസോടെ പുറത്താകാതെ നിന്നു. ഈ ഇന്നിംഗ്സിൽ ഒരു ബൗണ്ടറിയും മൂന്ന് കൂറ്റൻ സിക്സറും ഉൾപ്പെടും. ഇവരുടെ മികവിൽ ഇന്ത്യ 31.5 ഓവറിൽ വിജയലക്ഷ്യം മറികടന്നു. സമീപകാലത്ത് ഇന്ത്യൻ സീനിയർ ടീമിലും ഏകദിന മത്സരങ്ങളിൽ ഫിനിഷ് ചെയ്യാൻ തനിക്ക് സാധിക്കും എന്ന് സഞ്ജു തെളിയിച്ചിരുന്നു.
ഇന്ത്യ ഈ വർഷം നടത്തിയ ഒട്ടുമിക്ക വിദേശപര്യടനങ്ങളിലും കണ്ടപോലെ സഞ്ജുവിന് മികച്ച രീതിയിലുള്ള ആരാധകപിന്തുണയാണ് ചെന്നൈയിലും കാണാൻ കഴിഞ്ഞത്. സഞ്ജു ബാറ്റിങ്ങിന് ഇറങ്ങിയ നേരത്ത് കാതടപ്പിക്കുന്ന ശബ്ദത്തിലാണ് അവർ തങ്ങളുടെ പ്രിയ താരത്തെ വരവേറ്റത്. നേരിട്ട മൂന്നാം പന്തിൽ തന്നെ സഞ്ജു സിക്സ് അടിച്ചതോടെ ആവേശം പതിന്മടങ്ങ് വർധിച്ചു.
ഇന്ത്യൻ ടീമിൽ സ്ഥിരമായി മത്സരങ്ങൾ സിക്സ് അടിച്ച് അവസാനിപ്പിക്കുന്ന മുൻ നായകനും ഇതിഹാസ താരവുമായ ധോണിയെപ്പോലെതന്നെ ഒരു മികച്ച സിക്സ് നേടിയാണ് സഞ്ജുവും ഇന്ന് മത്സരം പൂർത്തിയാക്കിയത്. റചിൻ രവീന്ദ്രയുടെ പന്തിൽ സഞ്ജു ലോങ് ഓണിലേക്കു സ്റ്റെപ്പൗട്ട് ചെയ്ത് കൂറ്റൻ സിക്സ് നേടിയതോടെ ആരാധകർ ചാടിയെഴുന്നേറ്റ് വിജയാഘോഷം തുടങ്ങി. മൈതാനത്ത് നിന്ന് മടങ്ങുന്ന സഞ്ജുവിനെ വൻ ആർപ്പുവിളികളുമായാണ് അവർ വരവേറ്റത്.
നേരത്തെ ഇന്ത്യൻ ടീമിന്റെ ഫീൽഡിംഗ് സമയത്ത് മികച്ച രീതിയിൽ തന്നെയാണ് അദ്ദേഹം കളി നിയന്ത്രിച്ചതും. തന്റെ ബോളർമാർക്ക് കൃത്യമായ അവസരങ്ങളിൽ പന്ത് നൽകി നിർണായക വിക്കറ്റുകൾ വീഴ്ത്തി മത്സരം ഇന്ത്യയുടെ കൈപ്പിടിയിൽ ഒതുക്കി. കൂടാതെ രണ്ട് മികച്ച ക്യാച്ചുകളും സഞ്ജു എടുത്തിരുന്നു. മത്സരത്തിൽ ന്യൂസിലൻഡ് ടീമും ഇന്ത്യൻ ടീമും ഉൾപ്പെടെ എല്ലാവരെയും മൊത്തത്തിൽ നോക്കുമ്പോൾ ഏറ്റവും കൂടുതൽ സിക്സ് അടിച്ചത് സഞ്ജു ആണ് – മൂന്ന് സിക്സുകൾ.