ബാറ്റിങ്ങിൽ ദീപക് ഹൂഡയും ബോളിങ്ങിൽ ശിവം മാവിയും കസറിയ പുതുവർഷത്തിലെ ആദ്യ ട്വന്റി ട്വന്റി പോരാട്ടത്തിൽ ശ്രീലങ്കക്ക് എതിരെ ടീം ഇന്ത്യക്ക് വിജയത്തുടക്കം. ടീമിലെ സീനിയർ താരങ്ങൾ പരുക്കേറ്റും അവധിയെടുത്തും പോയതോടെ കിട്ടിയ അവസരങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചുകൊണ്ട് യുവതാരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ച് തങ്ങളുടെ കഴിവ് തെളിയിച്ചു.
കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഹൂഡ 23 പന്തിൽ 4 സിക്‌സും ഒരു ഫോറും അടക്കം 41 റൺസ് എടുത്ത് പുറത്താകാതെ നിന്നപ്പോൾ അരങ്ങേറ്റ മത്സരം കളിക്കുന്ന പേസർ ശിവം മാവി നാലോവറിൽ വെറും 22 റൺസ് വഴങ്ങി നാല് വിക്കറ്റും വീഴ്ത്തി. സ്കോർ: ഇന്ത്യ 20 ഓവറിൽ 162/5, ശ്രീലങ്ക 20 ഓവറിൽ 160 ഓൾഔട്ട്.
13 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ സ്പിന്നർ അക്ഷർ പട്ടേൽ ഒരു സിക്സ് വഴങ്ങിയെങ്കിലും രണ്ട് ഡോട്ട് ബോളും രണ്ട് റൺഔട്ടും മത്സരം ഇന്ത്യക്ക് അനുകൂലമാക്കി. നേരത്തെ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 2 ഓവറിൽ 26 റൺസ് നേടി വെടിക്കെട്ട് തുടക്കമാണ് ലഭിച്ചത്. എങ്കിലും ഗിൽ, സൂര്യകുമാർ, സഞ്ജു സാംസൺ എന്നിവരെ ഒറ്റയക്ക സ്കോറിന് നഷ്ടമായി.
ഓപ്പണർ ഇഷാൻ കിഷൻ 37 റൺസും നായകൻ പാണ്ഡ്യ 29 റൺസും എടുത്തു. ഇരുവരും പുറത്താകുമ്പോൾ 14 ഓവറിൽ 94/5 എന്ന നിലയിൽ ആയിരുന്നു ഇന്ത്യ. എങ്കിലും ഓൾറൗണ്ടർമാരായ ഹൂഡയും അക്ഷറും ചേർന്ന് അവസാന ആറോവറിൽ 68 റൺസ് നേടി പുറത്താകാതെ നിന്നു. അക്ഷർ 31* റൺസ് എടുത്തു.
ഇന്നലെ മത്സരത്തിൽ ഏറെ നാളുകൾക്കുശേഷം ട്വന്റി ട്വന്റി ടീമിൽ അവസരം ലഭിച്ച മലയാളി താരം സഞ്ജു വി സാംസൺ ശ്രീലങ്കൻ ബാറ്റിംഗ് തുടങ്ങി ആദ്യ ഓവറിൽ തന്നെ ഒരു മികച്ച ക്യാച്ച് എടുക്കാൻ ശ്രമിച്ചുവെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. നായകൻ ഹർദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ പത്തും നിസ്സങ്കയുടെ ബാറ്റിൽ തട്ടി ലീഡിങ് എഡ്ജായി ഉയർന്നുവന്ന പന്തിനെ മിഡ് ഓഫിൽ നിൽക്കുകയായിരുന്ന സഞ്ജു ഒരു തകർപ്പൻ അക്രോബാറ്റിക് ഡൈവിലൂടെ കൈപ്പിടിയിൽ ഒതുക്കിയെങ്കിലും വീഴ്ചയുടെ ആഘാതത്തിൽ കയ്യിൽനിന്നും തെറിച്ചുപോകുകയായിരുന്നു.
വീഡിയൊ :
അത് എടുക്കാൻ സാധിച്ചിരുന്നുവെങ്കിൽ ഒരു അവിസ്മരണീയ ക്യാച്ച് ആകുമായിരുന്നു. എങ്കിലും സഞ്ജുവിന്റെ ഭാഗ്യത്തിന് തൊട്ടടുത്ത ഓവറിൽ തന്നെ നിസ്സങ്കയെ ശിവം മാവി ക്ലീൻ ബോൾഡാക്കി പറഞ്ഞയച്ചു. തുടർന്ന് മത്സരത്തിൽ വേറെ രണ്ട് ക്യാച്ച് എടുക്കാനും സഞ്ജുവിന് കഴിഞ്ഞു.