ബുധനാഴ്ച ഉച്ചകഴിഞ്ഞ് ലഖ്നൗവിലെ അടൽ ബിഹാരി വാജ്പേയി ഏകന സ്റ്റേഡിയത്തിൽ നടന്ന ചെന്നൈ സൂപ്പർ കിംഗ്സ് – ലഖ്നൗ സൂപ്പർ ജയന്റ്സ് പോരാട്ടം, മഴമൂലം ഉപേക്ഷിച്ചതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടിരുന്നു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ലഖ്നൗ 19.2 ഓവറിൽ 125/7 എന്ന നിലയിൽ നിൽക്കെയാണ് മഴയെത്തിയത്. 33 പന്തിൽ 59 റൺസോടെ ആയുഷ് ബദോണി പുറത്താകാതെ നിന്നു. ഇരുടീമുകൾക്കും ഇതോടെ 11 പോയിന്റായെങ്കിലും, റൺറേറ്റിന്റെ മികവിൽ ലഖ്നൗ രണ്ടാമതും ചെന്നൈ മൂന്നാമതുമാണ്.
ഇതിനുമുൻപ് ലഖ്നൗ കളിച്ച മത്സരത്തിൽ തിങ്കളാഴ്ച ഇതേ ഗ്രൗണ്ടിൽ ബംഗളൂരുവിനോട് 18 റൺസിന് പരാജയപ്പെട്ടിരുന്നു. അന്നത്തെ മത്സരത്തിനിടയിലും മത്സരം കഴിഞ്ഞും സംഭവബഹുലമായ നിമിഷങ്ങൾ അരങ്ങേറിയിരുന്നു. ലഖ്നൗ സ്കോർ പിന്തുടരുന്നതിനിടെ ബാറ്റ് ചെയ്തിരു ന്ന നവീൻ ഉൾ ഹഖിന്റെ നേർക്ക് ബംഗളൂരു താരം വിരാട് കോഹ്‌ലി അസഭ്യവാക്കുകൾ ഉപയോഗിച്ചിരുന്നു. തുടർന്ന് ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയും, കോഹ്‌ലിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ച അമിത് മിശ്രയുടെ നേർക്കും കോഹ്‌ലി ആക്രോശിക്കുകയും ചെയ്തു.
മത്സരശേഷമുള്ള താരങ്ങളുടെ ഹസ്തദാന സമയത്തും ഇതിന്റെ തുടർച്ചയായി കോഹ്‌ലിയും നവീനും വാക്കുകൾകൊണ്ട് ഏറ്റുമുട്ടി. അതിനുശേഷം കോഹ്‌ലിയോട് സംസാരിക്കാനെത്തിയ കൈൽ മയേഴ്സിനെ, ലഖ്നൗ പരിശീലകൻ ഗൗതം ഗംഭീർ ഇടപെട്ട് തടഞ്ഞു മടക്കിയയച്ചു. അതേത്തുടർന്ന് വിരാട് കോഹ്‌ലിയും ഗംഭീറും തമ്മിൽ രൂക്ഷമായ വാക്പോര് മുറുകുകയും കയ്യാങ്കളിയുടെ വക്കിലെത്തുകയും ചെയ്തിരുന്നു. ഒടുവിൽ ഓടിക്കൂടിയ സഹതാരങ്ങളും കോച്ചിംഗ് സ്റ്റാഫും ചേർന്ന് ഇരുവരെയും പിടിച്ചു മാറ്റുകയാണ് ഉണ്ടായത്. അന്നത്തെ പെരുമാറ്റദൂഷ്യത്തിന് കോഹ്‌ലിയ്ക്കും ഗംഭീറിനും മുഴുവൻ മാച്ച് ഫീയും, നവീൻ ഉൾ ഹഖിന് മാച്ച് ഫീയുടെ പകുതിയും പിഴയായി ലഭിച്ചിരുന്നു.
സംഭവത്തിൽ താരങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്. ഇപ്പോൾ പുറത്തുവരുന്ന മറ്റൊരു വീഡിയോയിൽ, ഗൗതം ഗംഭീർ ലഖ്നൗവിലെ സ്വന്തം കാണികൾക്ക് മുന്നിൽ അപമാനിതനാകുന്നുണ്ട്. ഇന്നലത്തെ ചെന്നൈയ്‌ക്കെതിരെ നടന്ന മത്സരത്തിൽ നിന്നുള്ളതാണ് വീഡിയോ. മൈതാനത്തുനിന്നും ഡ്രസിംഗ് റൂമിലേക്ക് പടിക്കെട്ടുകൾ കയറിപ്പോകുന്ന സമയത്ത് കാണികൾ കോഹ്‌ലി.. കോഹ്‌ലി.. വിളികളുമായി ഗംഭീറിനെ ചൊടിപ്പിക്കുകയായിരുന്നു. നടത്തം നിർത്തി രണ്ടു നിമിഷം അങ്ങോട്ടേക്ക് നോക്കിനിന്ന ഗംഭീർ, നീരസത്തോടെ കയറിപ്പോകുന്നത് വീഡിയോയിൽ കാണാം.