Categories
Cricket Latest News

പാകിസ്ഥാൻ തകർത്തെറിഞ്ഞ് വമ്പൻ ജയവുമായി സിംബാബ്‌വെ ; ആവേശകരമായ അവസാന ഓവർ കാണാം

ടി20 ലോകക്കപ്പിൽ ഇന്ത്യയ്‌ക്കെതിരെ ഏറ്റ തോൽവിക്ക് പിന്നാലെ സിംബാബ്‌വെയ്ക്കെതിരെയും ദയനീയമായ തോൽവി ഏറ്റുവാങ്ങി പാകിസ്ഥാൻ. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ഉയർത്തിയ 130 വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 1 റൺസിന്റെ തോൽവി ഏറ്റുവാങ്ങുകയായിരുന്നു.

ചെയ്‌സിങ്ങിൽ പാകിസ്ഥാൻ മോശം തുടക്കമായിരുന്നു ലഭിച്ചത്. പവർ പ്ലേ കടക്കും മുമ്പേ ഓപ്പണർമാരായ ക്യാപ്റ്റൻ ബാബർ അസം 4 റൺസിലും റിസ്വാൻ 14 റൺസിലും മടങ്ങി. പിന്നാലെ നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീണതോടെ 15.1 ഓവറിൽ 94/6 എന്ന നിലയിലായി.

അവസാന 4 ഓവറിൽ ജയിക്കാൻ 31 റൺസ് വേണമെന്ന നിലയിൽ ഉണ്ടായിരുന്ന പാകിസ്ഥാനെ 17ആം ഓവറിൽ 3 റൺസും 18ആം ഓവറിൽ 7 റൺസും മാത്രം നൽകി സമ്മർദ്ദത്തിലാക്കി. അവസാന 2 ഓവറിൽ വേണ്ടിയിരുന്നത് 22 റൺസ് ആയിരുന്നു. 19ആം ഓവറിൽ 11 റൺസ് നേടിയതോടെ അവസാന ഓവറിൽ 11 റൺസ് എന്ന ലക്ഷ്യമായി.

ആദ്യ പന്തിൽ 3 റൺസും രണ്ടാം പന്തിൽ ഫോറും നേടിയപ്പോൾ പാകിസ്ഥാൻ ജയം നേടുമെന്ന് കരുതിയെങ്കിലും സിംബാബ്‌വെ തിരിച്ച് പിടിക്കുകയായിരുന്നു. അവസാന പന്തിൽ 3 റൺസ് വേണമെന്നപ്പോൾ രണ്ടാം റൺസിനായി ഓടുന്നതിനിടെ റൺഔട്ടിൽ കുടുക്കി. വിക്കറ്റ് കീപ്പർ റൺ ഔട്ട് പാഴാക്കുമെന്ന് കരുതിയെങ്കിലും ഒടുവിൽ തപ്പി തടഞ്ഞ് റൺഔട്ട് പൂർത്തിയാക്കി. ഇതോടെ 1 റൺസിന് ജയം നേടുകയായിരുന്നു സിംബാബ്‌വെ.

സിംബാബ്‌വെയ്ക്ക് വേണ്ടി 4 ഓവറിൽ 25 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി സികന്ദർ റാസ മികച്ച പ്രകടനം നടത്തി. 4 ഓവറിൽ 25 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി ബ്രാഡ് ഇവാൻസ് ജയത്തിൽ നിർണായക പങ്കുവഹിച്ചു. ബാറ്റിങ്ങിൽ 28 പന്തിൽ 31 റൺസ് നേടിയ സീൻ വില്യംസാണ് ടോപ്പ് സ്‌കോറർ.

Categories
Cricket Latest News Malayalam Video

ബുദ്ധി കൊണ്ട് കളിക്കുന്നവൻ ! റൺസ് സേവ് ചെയ്യാൻ ഫുട്ബാൾ സ്കിൽ പുറത്തെടുത്തു അശ്വിൻ ; വീഡിയോ കാണാം

ട്വന്റി-20 ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം ജയം, ഇതോടെ ആദ്യ 2 മത്സരങ്ങളും ജയിച്ച് ഇന്ത്യ ഗ്രൂപ്പിൽ മുന്നിലെത്തി, നെതർലാൻഡിനെതിരെ 56 റൺസിനാണ് ഇന്ത്യ ജയിച്ച് കയറിയത്, ഇന്ത്യയുടെ അടുത്ത മത്സരം ഒക്ടോബർ 30 ഞായറാഴ്ച പെർത്തിൽ വെച്ച് കരുത്തരായ സൗത്ത് ആഫ്രിക്കക്കെതിരെയാണ്, സൗത്ത് ആഫ്രിക്കക്കെതിരെ കൂടി ജയിക്കാനായാൽ ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾ ഏറെക്കൂറെ ഉറപ്പിക്കാനാകും.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, കെ.എൽ രാഹുൽ (9) പെട്ടന്ന് തന്നെ മടങ്ങിയെങ്കിലും പിന്നീട് ക്രീസിൽ ഒത്തു ചേർന്ന വിരാട് കോഹ്ലിയും രോഹിത് ശർമയും (53) മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോൾ ഇന്ത്യൻ സ്കോർബോർഡ് അതി വേഗത്തിൽ ചലിച്ചു, ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 73 റൺസിന്റെ കൂട്ട്കെട്ട് പടുത്തുയർത്തി.

രോഹിത് ശർമ പുറത്തായതിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ച് കളിച്ച് ഇന്ത്യൻ സ്കോറിംഗിന് വേഗത കൂട്ടി, 25 ബോളിലാണ് പുറത്താകാതെ സൂര്യകുമാർ 51* റൺസ് നേടിയത്, മറുവശത്ത് കോഹ്ലിയും മികച്ച ഫോമിൽ ആയിരുന്നു 3 ഫോറും 2 സിക്സും അടക്കം 62* റൺസ് നേടി കോഹ്ലിയും പുറത്താകാതെ നിന്നു, ഒടുവിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യ 179/2 എന്ന മികച്ച സ്കോറിൽ എത്തി.

കൂറ്റൻ ലക്ഷ്യം തേടി ഇറങ്ങിയ നെതർലാൻഡിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി, പിന്നീട് ഇടവേളകളിൽ വിക്കറ്റ് വീണ് കൊണ്ടിരുന്നപ്പോൾ അവരുടെ മുൻനിര തകർന്നു, 63/5 എന്ന നിലയിൽ തകർന്നടിഞ്ഞ നെതർലാൻഡിനെ 100 റൺസ് എങ്കിലും കടക്കാൻ സഹായിച്ചത് വാലറ്റക്കാർ കണ്ടെത്തിയ റൺസിലൂടെ ആയിരുന്നു, ഒടുവിൽ നിശ്ചിത 20 ഓവറിൽ 129/9 എന്ന നിലയിൽ നെതർലാൻഡിന്റെ ഇന്നിംഗ്സ് അവസാനിച്ചു,
ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിംഗ്, അശ്വിൻ, അക്സർ പട്ടേൽ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിൽ പതിനഞ്ചാമത്തെ ഓവർ ചെയ്യാനെത്തിയ അശ്വിൻ നെതർലാൻഡ് താരം ടിം പ്രിൻഗിൾ അടിച്ച ബോൾ തന്റെ കാല് ഉപയോഗിച്ച് തട്ടി സർക്കിളിനുള്ളിൽ ഫീൽഡ് ചെയ്യുകയായിരുന്ന രോഹിത് ശർമയ്ക്ക് നൽകിയ “ഫുട്ബോൾ സ്കിൽ” ടച്ച്‌ ഉള്ള ഫീൽഡിങ് പ്രകടനം മികച്ചതായിരുന്നു, 4 ഓവർ എറിഞ്ഞ അശ്വിൻ വെറും 21 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.

വീഡിയോ കാണാം :

Categories
Latest News

ഇതിനൊക്കെ 5 റൺസ് പിഴയോ?! ബംഗ്ലാദേശിനെതിരെ വിചിത്രമായ പിഴ വിധിച്ച് അമ്പയർ ; വീഡിയോ

ഈ ടി20 ലോകകപ്പ് അപൂർവമായ  പിഴകൾക്ക് വേദിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പന്ത് പിടിക്കുന്നതിനിടെ കൈയിൽ നിന്ന് വീണ ഗ്ലൗവിൽ കൊണ്ടത് കാരണം സൗത്താഫ്രിക്കയ്ക്ക് 5 റൺസ് വഴങ്ങേണ്ടി വന്നിരുന്നു. ഇപ്പോഴിതാ  സൗത്താഫ്രിക്കയുമായുള്ള  മത്സരത്തിൽ മറ്റൊരു അപൂർവമായ രീതിയിൽ ബംഗ്ലാദേശിന് 5 റൺസ് പിഴ വഴങ്ങേണ്ടി വന്നിരിക്കുകയാണ്.

ശാഖിബുൽ ഹസൻ എറിഞ്ഞ 11ആം ഓവറിലാണ് സംഭവം. സ്‌ട്രൈക്കിൽ ഉണ്ടായിരുന്ന റൂസ്സോയ്ക്ക് പന്തെറിയുന്നതിനിടെ വിക്കറ്റ് കീപ്പർ നൂറുൽ ഹസൻ നീങ്ങിയതാണ് പിഴ ലഭിക്കാൻ കാരണം. വിക്കറ്റിന് തൊട്ട് അരികിൽ ഉണ്ടായിരുന്ന ഹസൻ പന്ത് എത്തുന്നതിന് മുമ്പായി പിറകോട്ട് നീങ്ങുകയായിരുന്നു.

അമ്പയർ റോഡ് ടക്കർ ഇക്കാര്യം ശ്രദ്ധിക്കുകയും പിന്നാലെ മറ്റെ അമ്പയറുമായി ചർച്ച ചെയ്ത് 5 റൺസ് പിഴയായി നൽകുകയും ചെയ്തു.
ഐസിസി നിയമപ്രകാരം ബൗളര്‍ പന്തെറിയാന്‍ റണ്ണപ്പ് തുടങ്ങി കഴിഞ്ഞാല്‍ വിക്കറ്റ് കീപ്പര്‍ അനങ്ങാൻ പാടില്ല. ഇത് ലംഘിച്ചതിനാണ് ബംഗ്ലാദേശിന് പണി കിട്ടിയത്. 

മത്സരത്തിൽ സൗത്താഫ്രിക്ക 104 റൺസിന്റെ കൂറ്റൻ ജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക റൂസ്സോയുടെ സെഞ്ചുറി കരുത്തിൽ 205 റൺസ് നേടിയിരുന്നു. 56 പന്തിൽ 8 സിക്‌സും 7 ഫോറും സഹിതം 109 റൺസാണ് റൂസ്സോ അടിച്ചു കൂട്ടിയത്. 38 പന്തിൽ 63 റൺസ് നേടി ഡികോകും മികച്ച പിന്തുണയാണ് രണ്ടാം വിക്കറ്റിൽ നൽകിയത്.

മറുപടി ബാറ്റിങ്ങിൽ ബംഗ്ലാദേശിന് 101 റൺസ് മാത്രമാണ് നേടാനായത്. സൗത്താഫ്രിക്കൻ ബൗളർമാർ 10 വിക്കറ്റും എറിഞ്ഞു വീഴ്ത്തി. നോർജെ 4 വിക്കറ്റും ശംസി 3 വിക്കറ്റും നേടി. 31 പന്തിൽ 34 റൺസ് നേടിയ ലിട്ടന് ദാസാണ് ടോപ്പ് സ്‌കോറർ.

Categories
Latest News

ആഘോഷിക്കഡാ ആഘോഷിക്കൂ ..സിക്സ് അടിച്ചു ഫിഫ്റ്റി തികച്ച സൂര്യയോട് സെലിബ്രേഷൻ നടത്താൻ കോഹ്ലി ; വീഡിയോ

നെതർലൻഡിന് എതിരായ മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ 179 റൺസ് നേടി. രാഹുൽ ഒഴികെ ബാറ്റ് ചെയ്തവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. രോഹിത് (39 പന്തിൽ 53), കോഹ്ലി (44 പന്തിൽ 62), സൂര്യകുമാർ യാദവ് (25 പന്തിൽ 51) മൂന്നുപേരും ഇന്ത്യയ്ക്കായി ഫിഫ്റ്റി നേടിയിട്ടുണ്ട്.

മൂന്നാം ഓവറിലെ നാലാം പന്തിൽ കെഎൽ രാഹുലിനെ എൽബിഡബ്ല്യൂവിലൂടെ പുറത്താക്കി പോൾ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീഴ്ത്തിയിരുന്നു. അമ്പയറിന്റെ വിധി റിവ്യു ചെയ്യാതെ മടങ്ങിയതാണ് രാഹുലിന് വിനയായത്. പിന്നീട് നടന്ന പരിശോധനയിൽ സ്റ്റംപിൽ പന്ത് കൊണ്ടിട്ടില്ലെന്ന് വ്യക്തമായിരുന്നു.

ശേഷം ക്രീസിൽ എത്തിയ കോഹ്ലിയെയും കൂട്ടുപിടിച്ച് രോഹിത് രണ്ടാം വിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്തു. ഫിഫ്റ്റി നേടിയതിന് പിന്നാലെ രോഹിത് ക്യാച്ചിലൂടെ പുറത്താവുകയായിരുന്നു. നാലാമനായി എത്തിയ സൂര്യകുമാറും കോഹ്ലിയും ചേർന്നാണ് ഇന്ത്യൻ സ്‌കോർ പിന്നീട് 179ൽ എത്തിച്ചത്. 95 റൺസിന്റെ പാർട്ണർഷിപ്പാണ് ഇരുവരും കെട്ടിപടുത്തത്.

കോഹ്ലിയും രോഹിതും വലിയ സ്ട്രൈക് റേറ്റിൽ ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടിയ പിച്ചിൽ സൂര്യകുമാർ യാദവ് 204 സ്‌ട്രൈക് റേറ്റിൽ 1 സിക്‌സും 7 ഫോറും ഉൾപ്പെടെ 51 റൺസ് നേടി. സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്.

അവസാന പന്തിൽ സിക്സ് നേടിയാണ് സൂര്യകുമാർ ഫിഫ്റ്റി പൂർത്തിയാക്കിയത്.
ബാക്ക്വാർഡ് സ്ക്വയർ ലെഗിലൂടെ ഫ്ലിക്ക് ചെയ്യുകയായിരുന്നു. മറുവശത്ത് ഉണ്ടായിരുന്ന കോഹ്ലി വലിയ ആവേശത്തോടെയാണ് സൂര്യകുമാർ യാദവിന്റെ ഫിഫ്റ്റി ആഘോഷമാക്കിയത്.

Categories
Latest News

രോഹിത് റിവ്യു എടുക്കാൻ പറഞ്ഞിട്ടും എടുക്കാതെ രാഹുൽ, റീപ്ലേ വന്നപ്പോൾ സംഭവിച്ചത് ഇങ്ങനെ ; വീഡിയോ

പാകിസ്ഥാനെതിരായ മത്സരത്തിന് പിന്നാലെ നെതർലൻഡിനെതിരെയും ബാറ്റിങ്ങിൽ നിരാശപ്പെടുത്തി കെഎൽ രാഹുൽ. പാകിസ്ഥാനെതിരെ 4 റൺസ് മാത്രം നേടി പുറത്തായ രാഹുൽ വൻ വിമർശനത്തിന് ഇരയായിരുന്നു. വമ്പൻ മത്സരങ്ങളിൽ പരാജയമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം.

ഇന്ന് സിഡ്‌നിയിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ നെതർലൻഡിനെതിരെ രാഹുൽ വലിയ സ്‌കോർ നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും 9 റൺസിൽ പുറത്തായിരിക്കുകയാണ്. എന്നാൽ ഔട്ട് അല്ലാതിരുന്ന എൽബിഡബ്ല്യൂവിൽ അമ്പയരുടെ വിധി അനുസരിച്ച് ഗ്രൗണ്ട് വിട്ടതാണ് വിനയായത്. അമ്പയർ ഉടനെ ഔട്ട് വിളിച്ചതോടെ റിവ്യു നൽകാൻ കൂട്ടാക്കാതെ രാഹുൽ മടങ്ങുകയായിരുന്നു.

നോൺ സ്‌ട്രൈക് എൻഡിൽ ഉണ്ടായിരുന്ന ക്യാപ്റ്റൻ രോഹിത് റിവ്യു എടുക്കാൻ രാഹുലിനോട് പറഞ്ഞിരുന്നുവെങ്കിലും രാഹുൽ വേണ്ടെന്ന് വെക്കുകയായിരുന്നു. പിന്നാലെ ബോൾ ട്രാക്കിങ്ങിൽ പന്ത് സ്റ്റംപിൽ കൊള്ളാതെയാണ് കടന്ന് പോയതെന്ന് വ്യക്തമായത്.

അതേസമയം ഇന്ത്യൻ ഇന്നിംഗ്സ് 7 ഓവർ പിന്നിട്ടപ്പോൾ 38/1 എന്ന നിലയിലാണ് ഇന്ത്യ. രോഹിതും (20 പന്തിൽ 20) കോഹ്ലിയുമാണ് (10 പന്തിൽ 8) ക്രീസിൽ. പോൾ വൻ മീകറനാണ് രാഹുലിന്റെ വിക്കറ്റ് ലഭിച്ചത്. പാകിസ്ഥാനെതിരെ കളിച്ച അതേ ടീമുമായി തന്നെയാണ് ഇന്ത്യ ഇന്നിറങ്ങിയത്.

വീഡിയോ കാണാം:

Categories
Latest News

ഇംഗ്ലണ്ടിനെ അട്ടിമറിച്ച് അയർലൻഡ്‌!! 5 റൺസിന്റെ തകർപ്പൻ ജയം

ടി20 ലോകക്കപ്പിൽ ഇംഗ്ലണ്ടിനെ 5 റൺസിന് പരാജയപ്പെടുത്തി അയർലൻഡ്. മഴ വില്ലനായി എത്തിയതോടെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 5 റൺസിന്റെ ജയം അയർലൻഡിനെ തേടിയെത്തുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 10 വിക്കറ്റ് നഷ്ട്ടത്തിൽ 157 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം തകർച്ചയോടെയായിരുന്നു.

ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ ജോസ് ബട്ട്ലറെ പൂജ്യത്തിൽ മടക്കി. ജോഷുവ ലിറ്റ്ലിന്റെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകുകയായിരുന്നു. പിന്നാലെ മൂന്നാം ഓവറിലെ നാലാം പന്തിൽ ഹെയ്ൽസ് മടങ്ങി. 5 പന്തിൽ 7 റൺസ് നേടിയിരുന്നു. ആറാം ഓവറിലെ ആദ്യ പന്തിൽ 6 റൺസ് നേടിയ സ്റ്റോക്സും ബൗൾഡ് ആയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. 3ന് 29 എന്ന നിലയിലായി ഇംഗ്ലണ്ട്. 

നാലാം വിക്കറ്റിൽ മലാനും ബ്രുകും ചേർന്ന് ഇംഗ്ലണ്ട് സ്‌കോർ 67ൽ എത്തിച്ചു. ബ്രുക്കിനെ ക്യാച്ചിൽ കുടുക്കി അയർലൻഡ് ആ കൂട്ടുകെട്ടിന് അന്ത്യം കുറിച്ചു. ഇംഗ്ലണ്ട് സ്‌കോർ 86ൽ വെച്ച് മലാനും മടങ്ങി. 14.3 ഓവറിൽ 5ന് 105 എന്ന നിലയിൽ ഇംഗ്ലണ്ട് ബാറ്റ് ചെയ്യവെയാണ് മഴ വില്ലനായി എത്തിയത്. നേരെത്തെ മഴക്കാരണം വൈകിയാണ് മത്സരം ആരംഭിച്ചത്. ഇനിയും കളി മുമ്പോട്ട്  കൊണ്ട് പോകാൻ കഴിയില്ലെന്ന് ഉറപ്പിച്ചതോടെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 5 റൺസിന് അയർലൻഡ് ജയം നേടുകയായിരുന്നു.

നേരെത്തെ അയർലൻഡിന് വേണ്ടി ക്യാപ്റ്റൻ ബൽബിർനി 47 പന്തിൽ 62 റൺസ് നേടിയിരുന്നു. 27 പന്തിൽ 34 റൺസ് നേടിയ ടകറും മികച്ച് നിന്നു. ഇരുവരുടെയും രണ്ടാം വിക്കറ്റിലെ 82 റൺസ് കൂട്ടുകെട്ടാണ് അയർലൻഡിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി മാർക്ക് വുഡും ലിവിങ്സ്റ്റനും 3 വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്.

Categories
Latest News

18 പന്തിൽ 59!! മറ്റ് ബാറ്റർമാർ ബുദ്ധിമുട്ടിയ പിച്ചിൽ സ്റ്റോയിനിസിന്റെ വെടിക്കെട്ട് ; വീഡിയോ

ശ്രീലങ്കയ്ക്കെതിരായ ജയത്തോടെ ടി20 ലോകക്കപ്പിലെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയ. ആദ്യ മത്സരത്തിൽ ന്യുസിലാൻഡിനോട്  ഓസ്‌ട്രേലിയ പരാജയപ്പെട്ടിരുന്നു. പെർത്തിൽ നടന്ന മത്സരത്തിൽ 158 വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ 21 പന്തുകൾ ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു.

18 പന്തിൽ 6 സിക്‌സും 4 ഫോറും ഉൾപ്പെടെ 58 റൺസ് നേടിയ സ്റ്റോയ്നിസാണ് ടോപ്പ് സ്‌കോറർ. ഒരു ബൗണ്ടറി പോലും നേടാതെ പവർ പ്ലേ പിന്നിട്ട ഓസ്‌ട്രേലിയ 13 ഓവറിൽ 3ന് 97 എന്ന നിലയിലായിരുന്നു. മാക്‌സ്വെൽ പുറത്തായതിന് ആ ഓവറിൽ ക്രീസിൽ എത്തിയ സ്റ്റോയ്നിസിന്റെ അഴിഞ്ഞാട്ടമാണ് പിന്നീട് കണ്ടത്.

ഹസരങ്ക എറിഞ്ഞ 15ആം ഓവറിൽ 19 റൺസും തൊട്ടടുത്ത ഓവറിൽ തീക്ഷ്ണയ്ക്കെതിരെ 20 റൺസുമാണ് അടിച്ചു കൂട്ടിയത്. 36 പന്തിൽ 50 വേണ്ടിയിരുന്ന ഓസ്‌ട്രേലിയയെ 15 പന്തിൽ ലക്ഷ്യത്തിലേക്ക് എത്തിച്ചു. 42 പന്തിൽ 31 റൺസ് നേടിയ ഫിഞ്ച് പുറത്താകാതെ നിന്നു.

വാർണർ (10 പന്തിൽ 11), മിച്ചൽ മാർഷ് (17 പന്തിൽ 17), മാക്സ്വെൽ (12 പന്തിൽ 23) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്ക് നഷ്ട്ടമായത്. ശ്രീലങ്കൻ ബൗളിങ് നിരയിൽ 3 ഓവറിൽ വിക്കറ്റ് ഒന്നും നേടാതെ 53 റൺസ് വഴങ്ങിയ ഹസരങ്ക പാടെ നിരാശപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് വേണ്ടി നിസ്സങ്ക (40), അസലങ്ക (38) എന്നിവർ തിളങ്ങി.

വീഡിയോ കാണാം:

Categories
Cricket Latest News

ബോൾ കൊണ്ട് ഗ്രൗണ്ടിൽ മുട്ട് കുത്തി മാക്സ്വൽ,ഓടി വന്നു ശ്രീലങ്കൻ താരങ്ങൾ ,ക്രിക്കറ്റ് ആരാധകർ ഭയന്ന നിമിഷം ; വീഡിയോ കാണാം

രാജ്യാന്തര ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഒരു ഓസ്ട്രേലിയൻ താരത്തിന്റെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറി നേട്ടം കൈവരിച്ച മർകസ് സ്റ്റോയിനിസിന്റെ മികവിൽ ശ്രീലങ്കക്ക് എതിരെ ഓസീസിന് 7 വിക്കറ്റിന്റെ തകർപ്പൻ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത ഇരുപത് ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടിയപ്പോൾ ഓസ്ട്രേലിയൻ ടീം 16.3 ഓവറിൽ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.

വെറും 17 പന്തിൽ ആയിരുന്നു മാർക്കസിന്റെ അർദ്ധസെഞ്ചുറി. 18 പന്തിൽ നിന്നും 4 ഫോറും 6 സിക്സും അടക്കം 59 റൺസ് എടുത്ത് പുറത്താകാതെ നിന്ന അദ്ദേഹം തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും. നായകൻ ആരോൺ ഫിഞ്ച് 42 പന്തിൽ 31 റൺസോടെയും പുറത്താകാതെ നിന്നു.

മത്സരത്തിനിടെ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ് വെൽ പന്തുകൊണ്ട് പരിക്കേറ്റ് നിലത്തുവീണത് അൽപ്പനേരം പരിഭ്രാന്തി പടർത്തി. പേസർ ലഹിരു കുമാര എറിഞ്ഞ പന്ത്രണ്ടാം ഓവറിൽ ആയിരുന്നു സംഭവം. ആദ്യ പന്തിൽ തന്നെ പുൾ ഷോട്ട് കളിക്കാൻ ശ്രമിച്ച അദ്ദേഹത്തിന്റെ ഗ്ലവ്സിൽ പന്തുകൊണ്ട് വേദനകൊണ്ട് പുളഞ്ഞിരുന്നു. തുടർന്ന് മൂന്നാം പന്തിൽ ആയിരുന്നു എല്ലാവരെയും ഞെട്ടിച്ച സംഭവം ഉണ്ടായത്.

വീണ്ടുമൊരു ഷോർട്ട് പിച്ച് പന്തിൽ വിക്കറ്റിന് കുറുകെ നിന്ന് ഒരിക്കൽകൂടി സ്ക്വയറിന് പിന്നിലേക്ക് പുൾഷോട്ട് കളിക്കാൻ ശ്രമിച്ച താരത്തിന് പിഴച്ചു. ബാറ്റ് മിസ്സായ പന്ത് നേരെ വന്നിടിച്ചത്‌ അദ്ദേഹത്തിന്റെ തൊണ്ടയുടെ ഭാഗത്തായിരുന്നു. ഉടനെ തന്നെ ബാറ്റ് വലിച്ചെറിഞ്ഞ് ഹെൽമെറ്റ് ഊരിയെടുത്ത അദ്ദേഹം ഓഫ് സൈഡിലേക്ക് കുറച്ച് ദൂരം പതിയെ ഓടുകയും പിന്നീട് മുട്ടിലിരിക്കുകയും ചെയ്തു.

ശ്രീലങ്കൻ താരങ്ങളും നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന ഓസ്ട്രേലിയൻ നായകൻ ഫിഞ്ചും ഓടിയെത്തി പരിശോധിക്കുകയും ഫിസിയോയുടെ സഹായം തേടുകയും ചെയ്തു. പിന്നീട് മാക്സ് വെൽ എഴുന്നേറ്റ് നിന്നതോടെയാണ് എല്ലാവരുടെയും ശ്വാസം നേരെ വീണത്. എങ്കിലും തൊട്ടടുത്ത ഓവറിൽ അദ്ദേഹം പുറത്തായി. 12 പന്തിൽ നിന്നും രണ്ടു വീതം ഫോറും സിക്‌സുമടക്കം 23 റൺസാണ് ഇന്ന് താരം നേടിയത്.

നേരത്തെ ആദ്യ ഇന്നിംഗ്സിൽ അവസാന ഓവറുകളിൽ ആഞ്ഞടിച്ച് 25 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 38 റൺസ് നേടിയ ചരിത്ത്‌ അസലങ്കയുടെ മികവിലാണ് ശ്രീലങ്കൻ സ്കോർ 150 കടന്നത്. 40 റൺസ് എടുത്ത ഓപ്പണർ പത്തും നിസ്സങ്കയും 26 റൺസ് നേടിയ ദനഞ്ജയ ‌‍ഡി സിൽവയുമാണ് മറ്റ് ടോപ് സ്കോറർമാർ. ഓസ്ട്രേലിയക്ക് വേണ്ടി മാക്സ് വെൽ, ഹയ്‌സൽവുഡ്, കമിൻസ്, ആഗർ, സ്റ്റാർക്ക് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

https://twitter.com/cricbazball/status/1584906479123021824?t=VkM4wnzCVH3knyl0LerYug&s=19
Categories
Cricket Latest News

എന്ത് അത് സിക്സ് ആയില്ല എന്നോ ? വാർണർ 4 റൺസ് സേവ് ചെയ്തു എന്നോ ! വാർണറിൻ്റെ അവിശ്വസനീയ സേവ് വീഡിയോ കാണാം

ട്വന്റി ട്വന്റി ലോകകപ്പിലെ സൂപ്പർ 12 ഘട്ടത്തിലെ ഒന്നാം ഗ്രൂപ്പുകാരുടെ പോരാട്ടത്തിൽ ഓസ്ട്രേലിയക്കെതിരെ ശ്രീലങ്കൻ ടീമിന് ഭേദപ്പെട്ട സ്കോർ. നിശ്ചിത ഇരുപത് ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ അവർ 157 റൺസാണ് നേടിയത്. ആദ്യ മത്സരത്തിൽ ന്യൂസിലാന്റിന് എതിരെ 89 റൺസിന് ഓസ്ട്രേലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. മറിച്ച്, ശ്രീലങ്കയാകട്ടെ തങ്ങളുടെ ആദ്യ മത്സരത്തിൽ അയർലൻഡിനെ 9 വിക്കറ്റിന് കീഴടക്കിയാണ് എത്തുന്നത്.

അവസാന ഓവറുകളിൽ ആഞ്ഞടിച്ച് 25 പന്തിൽ 3 ഫോറും 2 സിക്സും അടക്കം 38 റൺസ് നേടിയ ചരിത്ത്‌ അസലങ്കയുടെ മികവിലാണ് അവരുടെ സ്കോർ 150 കടന്നത്. 40 റൺസ് എടുത്ത ഓപ്പണർ പത്തും നിസ്സങ്കയും 26 റൺസ് നേടിയ ദനഞ്ജയ ‌‍ഡി സിൽവയുമാണ് മറ്റ് ടോപ് സ്കോറർമാർ. ഓസ്ട്രേലിയക്ക് വേണ്ടി മാക്സ് വെൽ, ഹയ്‌സൽവുഡ്, കമിൻസ്, ആഗർ, സ്റ്റാർക്ക് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിനിടെ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറിന്റെ ഒരു തകർപ്പൻ ബൗണ്ടറിലൈൻ സേവ് ഉണ്ടായിരുന്നു. മർകസ് സ്‌റ്റോയിനിസ് എറിഞ്ഞ പതിനൊന്നാം ഓവറിന്റെ നാലാം പന്തിൽ ആയിരുന്നു അത്. ദനഞ്ജയ ഡി സിൽവ ഉയർത്തിയടിച്ച പന്ത് ലോങ് ഓഫിലേക്ക് സിക്സ് ആയെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ അവിടെയുണ്ടായിരുന്ന വാർണർ എല്ലാവരെയും അമ്പരപ്പിച്ചു.

അല്പം മുന്നോട്ട് കയറിനിന്നിരുന്ന അദ്ദേഹം പുറകിലേക്ക് കാണികൾക്ക് അഭിമുഖമായി ഓടിയാണ് പന്ത് കൈപ്പിടിയിൽ ഒതുക്കിയത്. എന്നാൽ, ആ ഡൈവിങ് ശ്രമത്തിൽ ബൗണ്ടറി ലൈനിലേക്ക് താൻ വീഴും എന്ന് മനസ്സിലാക്കിയ വാർണർ പെട്ടെന്നുതന്നെ വായുവിൽ കുതിക്കുന്ന അതേ സമയംകൊണ്ട് തിരികെ ഗ്രൗണ്ടിലേക്ക് പന്ത് എറിയുകയായിരുന്നു. സിക്സ് പോകേണ്ട പന്തിൽ വെറും രണ്ട് റൺസ് മാത്രമേ ശ്രീലങ്കക്ക്‌ ലഭിച്ചുള്ളൂ. ബോളർ സ്റ്റോയിനിസ്‌ അടക്കമുള്ള താരങ്ങളും കാണികളും ഈ ഫീൽഡിംഗ് പ്രകടനത്തെ അഭിനന്ദിക്കുന്നത് കാണാമായിരുന്നു.

വീഡിയോ കാണാം :

നേരത്തെ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അസുഖബാധിതനായ സ്പിന്നർ ആദം സാംബക്ക് പകരം ആഷ്ടൻ അഗർ ടീമിൽ ഇടംപിടിച്ചു. ശ്രീലങ്കൻ നിരയിൽ പരുക്കുമാറി സ്റ്റാർ ഓപ്പണിംഗ് ബാറ്റർ പത്തും നിസങ്കയും തിരിച്ചെത്തി. പെർത്ത് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

Categories
Latest News

“ഇന്നലെ എന്നെ രക്ഷിച്ചതിന് നന്ദി” അശ്വിനോട് നന്ദി പറഞ്ഞ് കാർത്തിക് ; വീഡിയോ കാണാം

പാകിസ്ഥാനെതിരായ വാശിയേറിയ പോരാട്ടത്തിൽ  ഇന്ത്യ പരാജയപ്പെട്ടിരുന്നുവെങ്കിൽ ഏറ്റവും വിമർശനം ഏറ്റുവാങ്ങേണ്ടി വരുമായിരുന്ന താരങ്ങളിൽ ഒരാളാണ് ദിനേശ് കാർത്തിക്. അവസാന ഓവറിൽ ഹർദിക് പാണ്ഡ്യ പുറത്തായതിന് പിന്നാലെ ക്രീസിൽ എത്തിയ കാർത്തികായിരുന്നു 2 പന്തിൽ 2 റൺസ് വേണമെന്നപ്പോൾ സ്‌ട്രൈകിൽ ഉണ്ടായിരുന്നത്. നവാസിന്റെ വൈഡ് ഡെലിവറി സ്വീപിന് ശ്രമിച്ച് സ്റ്റംപിങിലൂടെ പുറത്താവുകയായിരുന്നു. ഇതോടെ ലക്ഷ്യം 1 പന്തിൽ 2 റൺസ് എന്നതിലേക്ക് മാറി.

എന്നാൽ തുടർന്ന് ക്രീസിൽ എത്തിയ അശ്വിൻ സമാന രീതിയിലുള്ള ഡെലിവറി വൈഡ് ആക്കി മാറ്റി, തൊട്ടടുത്ത ഡെലിവറി സിംഗിൾ നേടി ജയിപ്പിക്കുകയായിരുന്നു. ദിനേശ് കാർത്തിക്കിന്റെ അശ്രദ്ധമായ ബാറ്റിങ് ആരാധകരെ ചൊടിപ്പിച്ചിരുന്നുവെങ്കിലും വമ്പൻ ജയത്തിന് പിന്നാലെ വിമർശനം ഏറ്റു വാങ്ങാതെ കാർത്തിക് രക്ഷപ്പെട്ടു.

തന്നെ വിമർശനങ്ങളിൽ നിന്ന് രക്ഷിച്ച അശ്വിനോട് നന്ദി പറയാനും മറന്നില്ല. അടുത്ത മത്സരത്തിനായി ഇന്ത്യൻ ടീം അംഗങ്ങൾ സിഡ്‌നിയിലേക്ക് പോകുന്ന ദൃശ്യങ്ങൾ ബിസിസിഐ പങ്കുവെച്ചിരുന്നു. ഈ വിഡിയോയിൽ എയർപോർട്ടിൽ വെച്ച് ചിരിയോടെ കാർത്തിക് അശ്വിനോട് നന്ദി പറയുന്നത് കാണാം.

ഇന്ത്യയുടെ അടുത്ത മത്സരം നെതർലൻഡ്സിനോടാണ്. വ്യാഴാഴ്ച സിഡ്‌നി ഗ്രൗണ്ടിൽ വെച്ച് ഇരു ടീമും ഏറ്റുമുട്ടും. പിന്നാലെ 30ന് സൗത്താഫ്രിക്കയ്ക്കെതിരെയും നവംബർ 2ന് ബംഗ്ലാദേശിന് എതിരെയുമാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം സിംബാബ്‌വെയ്ക്കെതിരെയാണ്. നവംബർ 6ന് മെൽബണിൽ വെച്ചാണ്.